കേളകം : വന്യജീവികളും വിലത്തകർച്ചയും കാരണം രണ്ട് തലമുറയിലെ കർഷകർ കൃഷിയോട് വിമുഖരായെന്ന് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ.കേരളത്തിലെ രണ്ട് തലമുറയോളം കർഷകർ പ്രശ്നത്തിലാണ്! ഒടുവിൽ കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഒരു സത്യം പറഞ്ഞു. എം.വിജയൻ്റെ സർക്കാർ പോലും പറയാത്ത സത്യം, മോദി പോലും പറയാത്ത സത്യം. കേരളത്തിൽ കൃഷിയോടുള്ള ആഭിമുഖ്യം 2 തലമുറയോളമായി കുറഞ്ഞു വരികയാണ്. വന്യമൃഗശല്യമാണ് ഒരു പ്രശ്നം. കാർഷിക മേഖല ലാഭകരമല്ലാതായി എന്നതാണ് കലക്ടർ പറഞ്ഞ രണ്ടാമത്തെ വസ്തുത. കാർഷിക ഉൽപ്പന്നങ്ങളുടെ വിലത്തകർച്ചയാണ് കാരണം. കാലാവസ്ഥയിലെ വ്യതിയാനം മറ്റൊരു പ്രധാന പ്രശ്നമായും കലക്ടർ ചൂണ്ടിക്കാട്ടുന്നു. യഥാർത്ഥത്തിൽ കലക്ടർ പറഞ്ഞ പ്രശ്നങ്ങൾ കേരളത്തിലെ പ്രത്യേകിച്ച് കണ്ണൂരിലെ കർഷകർ നേരിടുന്നുണ്ടോ? ഉണ്ട് എന്നാണ് കണ്ണൂർ ജില്ലാ കലക്ടറുടെ ഉത്തരം. പക്ഷെ ഇതേ ചോദ്യം സിപിഎമ്മിനോടോ ബിജെപിയോടോ ചോദിച്ചാൽ മറുപടി പറയുക മറ്റൊന്നാകും. സിപിഎം പറയുക കാർഷിക മേഖല വിജയൻ്റെ ഭരണത്തിൽ വൻ രീതിയിൽ വികസിച്ചെന്നും കൃഷി വ്യാപിച്ചെന്നും ക്ഷേമ പെൻഷൻ കൊടുക്കുന്നുണ്ടെന്നും, സിവിൽ സപ്ലൈസ് വകുപ്പ് രണ്ടും മൂന്നും രൂപ കുറച്ച് പയറും പരിപ്പും നൽകുന്നുണ്ടെന്നും റേഷൻ കടകളിൽ അരിക്ക് പുറമേ മണ്ണെണ്ണയും ഈയിടെ കൊടുത്തുവെന്നും ആയിരിക്കും. ഇതേ ചോദ്യം ബി ജെ പി യോട് ചോദിച്ചാൽ അവർ ആദ്യം പറയുക പ്രധാനമന്ത്രി മോദി ജി രണ്ടും മൂന്നും മാസം കൂടുമ്പോൾ വൻ തുക കർഷകരുടെ അക്കൗണ്ടിലേക്ക് കൊടുക്കുന്നുണ്ട്. ഒന്നും രണ്ടും രൂപയല്ല രണ്ടാ.........യിരം രൂപ വീതമാണ് കൊടുക്കുന്നത്. നിങ്ങൾ യുപിയിലേക്ക് നോക്കൂ, നിങ്ങൾ രാജസ്ഥാൻ മരുഭൂമിയിലേക്ക് നോക്കൂ, അവിടെ കാർഷിക മേഖലയിൽ നിന്ന് വൻ വരുമാനം ലഭിക്കുന്നതിനാൽ കർഷകർക്ക് തുണിയുടുത്ത് ജോലിക്ക് പോകാൻ കഴിയാത്ത വിധം തിരക്കായതിനാൽ ഇപ്പോഴും അവർ ട്രൗസറും കോണകവും ധരിച്ചാണ് പാടത്ത് പണിയെടുക്കുന്നത് എന്നാവും. എന്നാൽ വിളകൾ ഉല്പാദിപ്പിക്കുന്നവന് ന്യായവിലയും ഉൽപ്പന്നം വാങ്ങുന്നവന് മിതവിലയ്ക്കും ഉൽപ്പന്നങ്ങൾ ലഭിക്കുന്നതിനുള്ള സാഹചര്യമോ സാധ്യതകളോ ഇവിടില്ല. അതുണ്ടാക്കാൻ ഈ ഭരണങ്ങൾക്ക് കഴിയുകയുമില്ല. പക്ഷെ അവകാശവാദങ്ങൾക്കും തള്ളുകൾക്കും ഒരു കുറവുമില്ല. വെറുതെയിരുന്ന് തള്ളുക തന്നെ. കലക്ടർ പറഞ്ഞ മൂന്ന് പ്രധാന വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുന്ന ഒരു നല്ല സർക്കാർ ഇനിയെങ്കിലും കേരളത്തിലും ഇന്ത്യയിലും ഉണ്ടാവേണ്ട സമയമായി. ഈ ഭരണക്കാരേക്കൊണ്ട് ഈ നാട്ടിലെ അടിസ്ഥാന വർഗ്ഗത്തെ, കർഷകരെ രക്ഷിക്കാൻ കഴിയില്ല. ഇപ്പോൾ ഉള്ള കാർഷിക മേഖലയെ മാന്യമായി സംരക്ഷിച്ച് നിലനിർത്താനുള്ള കഴിവുപോലുമില്ല. ഉമ്മൻ ചാണ്ടി കേരളത്തിലും ഡോ.മൻമോഹൻ സിങ് കേന്ദ്രത്തിലും ഭരിച്ച കാലത്താണ് വന്യ ജീവികൾ, പ്രത്യേകിച്ച് കാട്ടാനകൾ കൃഷിയിടത്തിലിറങ്ങി നാശം വരുത്തുന്നത് തടയാൻ കണ്ണൂർ ജില്ലയിലെ കേളകത്ത് ആനമതിൽ എന്ന പദ്ധതി നടപ്പിലാക്കിയത്. വിജയൻ്റെ സർക്കാർ ഉരുളാൻ തുടങ്ങിയിട്ട് 9 കൊല്ലമായി. കൊള്ളാവുന്ന രീതിയിൽ 10 മീറ്റർ ദൂരം ആന മതിൽ പണിയാൻ പറ്റിയിട്ടുണ്ടോ? ഇല്ല. ഉമ്മൻ ചാണ്ടി 5 വർഷം ചെയ്ത ഉപകാരങ്ങളുടെ 5 ശതമാനം പോലും ചെയ്യാൻ കഴിവില്ലാത്ത ഭരണമാണ് വായ്ത്താരിയടിച്ച് കർഷക ദിനാചരണം നടത്തുന്നത്. പ്രകൃതിദുരന്തത്തിൽ കൃഷിയിടവും കൃഷിയും ഉപേക്ഷിക്കേണ്ടി വന്നവരെ തേടി സർക്കാരിന് ഒരു പാട് ദൂരമൊന്നും പേകേണ്ട കാര്യമില്ല. കലക്ടർ ഇന്നലെ നിന്ന് സത്യം വിളിച്ചു പറഞ്ഞ കേളകത്തിൻ്റെ 10 കിലോമീറ്റർ ചുറ്റളവിലെ നാടൊന്ന് നേരിൽ ചുറ്റി നടന്ന് കണ്ടാൽ മതി കാര്യം മനസ്സിലാക്കാൻ. വന്യമൃഗശല്യം കൊണ്ട് കൃഷി ഉപേക്ഷിച്ചവർ മുതൽ വീടും ഭൂമിയും ഉപേക്ഷിച്ച് താമസം മാറ്റിയവർ വരെ ഉണ്ടിവിടെ. ഒന്നും രണ്ടു മല്ല, നൂറു കണക്കിന്. എന്ത് ചെയ്തു സർക്കാർ? ഉത്തരം ഇലക്ഷൻ കമ്മീഷൻ്റെ പുറത്തു വിടുന്ന വോട്ടർ പട്ടികയിലെ വീട്ടുനമ്പർ പോലെയാണ്. വിലത്തകർച്ചയെയും വിലക്കയറ്റത്തേയും നേരിടാൻ എന്ത് ചെയ്തു എന്ന് ചോദിച്ചാൽ അതിനും ഉത്തമുണ്ടാകില്ല. കർഷകൻ്റെ കാര്യത്തിൽ പോലും സർക്കാർ ഒരു സമ്പൂർണ പരാജയമാണ് എന്ന് വ്യക്തമായിക്കഴിഞ്ഞു. ഭൂനികുതിയും വീട്ടു നികുതിയും തൊഴിൽ നിയതിയും വർധിപ്പിക്കലാണ് ഭരണമെങ്കിൽ ഇവിടെ മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടേയും ആവശ്യമില്ല. വെറും ഒരു ക്ലർക്ക് മതി. രണ്ട് തലമുറയോളം കർഷകർ കൃഷിയോട് മടുത്ത് നിരാശയിലാണെന്ന് ജില്ലാ കലക്ടർ തന്നെ പറയുമ്പോൾ സർക്കാർ ചിന്തിക്കണം. മൂന്നാമത്തെ തലമുറ എന്താകുമെന്ന്! അതും ചിന്തിക്കാൻ ഈ സർക്കാരുകൾക്ക് കഴിവില്ല. എന്തായാലും അതേ ഭരണത്തിന് കീഴിൽ കലക്ടറായിരുന്ന് ഒരു സത്യമെങ്കിലും വിളിച്ചു പറഞ്ഞ കണ്ണൂർ കലക്ടർക്ക് ഇരിക്കട്ടെ കയ്യടി .
When Kannur Collector tells the truth